Tuesday, 27 April 2021

കുടുംബ ബന്ധം മുറിച്ചവനോട് ബന്ധം ചേർക്കാൻ ശ്രമിച്ചിട്ടും തയ്യാറാകുന്നില്ലെങ്കിൽ എന്ത് ചെയ്യും ?

السلام عليكم

വിഷയം : കുടുംബ ബന്ധം മുറിച്ചവനോട് ബന്ധം ചേർക്കാൻ ശ്രമിച്ചിട്ടും തയ്യാറാകുന്നില്ലെങ്കിൽ എന്ത് ചെയ്യും ?
അവതരണം : അബ്ബാസ് ഇബ്നു മുഹമ്മദ് പറമ്പാടൻ (നിലമ്പൂർ )തിരുവനന്തപുരം

പ്രിയ സഹോദരങ്ങളേ, കുടുംബ ബന്ധം വിച്ഛേദിക്കുന്നത് വളരെ ഗൗരവതരമായ പാപമാണ്.
ഒരാൾ തന്നോട് കുടുംബ ബന്ധം വിച്ഛേദിച്ച രക്ത ബന്ധുവിനോട് വളരെ നല്ല രീതിയിൽ പെരുമാറുകയും ബന്ധം നന്നാക്കാൻ വേണ്ടി സാധ്യമായ മാർഗ്ഗങ്ങൾ അവലംബിക്കുകയും ചെയ്തെങ്കിലും അപരൻ ബന്ധം ചേർക്കാൻ വിസമ്മതിക്കുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണം ❓

ഇത്തരമൊരു സാഹചര്യത്തിൽ  ആ ബന്ധുവിനോട്
പരമാവധി നല്ല നിലയിൽ പെരുമാറാനാണ് ശ്രമിക്കേണ്ടത്. അയാൾക്കെതിരിൽ ഒരു ദ്രോഹപ്രവർത്തിയും ചെയ്യുത്. അയാൾക്ക് നന്മ വരുന്നതിനായും നല്ല മനസ്സ് തോന്നുന്നതിനായും രാത്രിയുടെ അന്ത്യയാമങ്ങളിൽ തഹജ്ജുദിന്റെ സമയത്ത് ഉൾപ്പെടെ പ്രാർത്ഥിക്കുക. ഒരിക്കലും നാം ഒരു സത്യവിശ്വാസിക്കെതിരെ പ്രാർത്ഥിക്കരുത് - അവൻ നമ്മുടെ രക്ത ബന്ധുവല്ലെങ്കിൽ പോലും

എന്നാൽ അവനിൽ നിന്നുള്ള ഉപദ്രവം ഇല്ലാതാകുന്നതിന് വേണ്ടി പ്രാർത്ഥിക്കാം. കൂടാതെ, ചില ഘട്ടങ്ങളിൽ അവനുമായി ബന്ധപ്പെടുന്നത് കൂടുതൽ വഴക്കുകൾക്ക് ഇടയാക്കുമെന്ന് ആശങ്കയുണ്ടെങ്കിൽ അൽപം അകലം പാലിക്കുന്നതിൽ തെറ്റില്ല. എന്നാൽ മനസ്സ് കൊണ്ട് അയാളെ വെറുക്കരുത്. അയാളുടെ ധിക്കാരത്തെയും പാപ പ്രവർത്തിയെയുമാണ് വെറുക്കേണ്ടത്. അപ്പോഴും അയാളുടെ നന്മക്ക് വേണ്ടി പ്രാർത്ഥന തുടരണം.

തിരുനബി (സ്വ) യുടെ ഒരു ഹദീസ് ശ്രദ്ധിക്കുക:
عَنْ أَبِي، هُرَيْرَةَ أَنَّ رَجُلاً، قَالَ يَا رَسُولَ اللَّهِ إِنَّ لِي قَرَابَةً أَصِلُهُمْ وَيَقْطَعُونِي وَأُحْسِنُ إِلَيْهِمْ وَيُسِيئُونَ إِلَىَّ وَأَحْلُمُ عَنْهُمْ وَيَجْهَلُونَ عَلَىَّ ‏.‏ فَقَالَ ‏ "‏ لَئِنْ كُنْتَ كَمَا قُلْتَ فَكَأَنَّمَا تُسِفُّهُمُ الْمَلَّ وَلاَ يَزَالُ مَعَكَ مِنَ اللَّهِ ظَهِيرٌ عَلَيْهِمْ مَا دُمْتَ عَلَى ذَلِكَ ‏"‏ ‏.‏
ആശയ വിവർത്തനം : അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഒരാൾ അല്ലാഹുവിന്റെ റസൂലിനോട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ചില രക്ത ബന്ധുക്കളുണ്ട്. ഞാൻ അവരോട്  ബന്ധം ചേർക്കുന്നെങ്കിലും അവർ എന്നോട് ബന്ധം മുറിക്കുന്നു. ഞാൻ അവർക്ക് നന്മ ചെയ്യുന്നു എന്നാൽ അവർ എന്നോട് മോശമായി പെരുമാറുന്നു. ഞാൻ അവരോട് മാപ്പാക്കി സഹനം കൈക്കൊള്ളുന്നു. എന്നാൽ അവർ എന്നെ ചീത്തവിളിച്ചും എന്നോട് ദേഷ്യപ്പെട്ടും കഴിഞ്ഞ് കൂടുന്നു. 
     അപ്പോൾ നബി (സ്വ) പറഞ്ഞു: നീ ഇപ്പറഞ്ഞ പോലെയാണ് കാര്യങ്ങളെങ്കിൽ, നീ അവരെ ചൂടു വെണ്ണീറ് തീറ്റിക്കുന്നത് പോലെയാണ് ( അതായത് നീ അവർക്ക് ചെയ്യുന്ന നന്മക്ക് അവർ നന്ദികേട് കാണിക്കുന്നെങ്കിൽ ആ നന്ദി കേട് കാരണം അവർക്ക് നാശം ഭവിക്കുന്നതാണ്). നിനക്കാവട്ടേ, നീ ഇപ്പറഞ്ഞ നല്ല നിലപാടിൽ തുടരുവോളം കാലം, നിനക്ക് അല്ലാഹുവിന്റെ പക്കൽ നിന്ന് അവർക്കെതിരെ സഹായം ലഭിക്കുന്നതുമാണ്.
(അവലംബം : സ്വഹീഹു മുസ്ലിം, മിർഖാത്ത്)
https://sunnah.com/muslim:2558a

ബന്ധുക്കളോട് മാത്രമല്ല മറ്റു മനുഷ്യരോടും സത്യവിശ്വാസി സഹനത്തിന്റേയും വിട്ടുവീഴ്ചയുടേയും നിലപാടാണ് സ്വീകരിക്കേണ്ടത്.
❤️❤️❤️❤️❤️
ഇതോടൊപ്പം സൂറത്തു ഫുസ്സ്വിലത് 34 മുതൽ 36 വരെയുള്ള ആയത്തുകൾ കൂടി ശ്രദ്ധിക്കുക:
وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ اِدْفَعْ بِاَلَّتِي هِيَ أَحْسَن فَإِذَا الَّذِي بَيْنك وَبَيْنه عَدَاوَة كَأَنَّهُ وَلِيّ حَمِيم 
നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത്‌ ഏതോ അത്‌ കൊണ്ട്‌ നീ തിന്‍മയെ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ നിന്‍റെ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.
وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظّ عَظِيم
ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള ( ഈ ഒരു നിലപാട് സ്വീകരിക്കാൻ) അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവനല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല
 وَإِمَّا يَنْزَغَنَّك مِنْ الشَّيْطَان نَزْغ فَاسْتَعِذْ بِاَللَّهِ إِنَّهُ هُوَ السَّمِيع الْعَلِيم
പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട്‌ നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും.
❤️❤️❤️❤️❤️
അല്ലാഹു നമ്മെ  ബന്ധങ്ങൾ നന്നായി സൂക്ഷിക്കുന്ന മുത്തഖീങ്ങളിൽ ഉൾപ്പെടുത്തട്ടേ - ആമീൻ
اوصيكم بالدعاء
عباس برمبادن
8848787706
السلام عليكم
🥬🥬🥬🥬🥬